സ്മാർട്ഫോണുകൾ നിർമ്മാണത്തിൽ ചൈന എപ്പോഴും വളരെ ശക്തമാണ്. എന്നാൽ ഈ കുത്തക തകർക്കാൻ അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരികയും നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ ചൈനയ്‌ക്ക് മുന്നിൽ തങ്ങളുടെ ശക്തി കാട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യ .
ഓരോ മണിക്കൂറിലും 4.43 കോടി രൂപയുടെ സ്മാർട്ഫോണുകൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ഇന്ത്യ . ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസങ്ങളിൽ ഈ കയറ്റുമതി കഴിഞ്ഞ വർഷത്തെ മൊത്തം കയറ്റുമതിയെ അപേക്ഷിച്ച് 253 ശതമാനം വർദ്ധിച്ചു .
2022-23 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 998 മില്യൺ ഡോളറായിരുന്നു കയറ്റുമതി . ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഡിസംബർ കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ സ്‌മാർട്ഫോൺ കയറ്റുമതി 3.53 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 7.76 ശതമാനമായി വർധിച്ചു, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് രണ്ട് ശതമാനമായിരുന്നു.
ഇതോടെ അമേരിക്കയിലേക്കുള്ള സ്‌മാർട്ഫോൺ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്തെ വലിയ രാജ്യമായി.അതുപോലെ, വിയറ്റ്നാമിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതി 5.47 ബില്യൺ ഡോളറായി കുറഞ്ഞു.















