ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ഓളം ഭീകരരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ഇന്റേണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി ഫായിഖ് മബ്ഹൂഹ് ആണ് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിൽ ഹമാസ് ഭീകരരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് ഇയാളായിരുന്നുവെന്ന് ഐഡിഎഫ് അറിയിച്ചു.
ഷിഫ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലുണ്ടായത്. ഇസ്രായേൽ സൈനികരെ ആക്രമിക്കുക എന്ന ലക്ഷ്യത്തിലാണ് ആയുധങ്ങളുമായി ഇയാളുടെ നേതൃത്വത്തിൽ ഹമാസ് ഭീകരർ ആശുപത്രി വളപ്പിലെത്തിയത്. ഇയാൾ കൊല്ലപ്പെട്ട സ്ഥലത്തിന് അടുത്ത് നിന്ന് നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ഹമാസ് ഭീകരർ ആശുപത്രിയിൽ ഒത്തുകൂടിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേൽ സൈന്യം ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയിൽ റെയ്ഡ് നടത്തിയത്. സൈനികരുടെ സാന്നിധ്യം അറിഞ്ഞതോടെ ആശുപത്രിക്കുള്ളിൽ നിന്ന് തന്നെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
സൈനിക ഓപ്പറേഷന്റെ ദൃശ്യങ്ങളും ഐഡിഎഫ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രിയിലെ രോഗികൾക്കും അതിനുള്ളിലെ സംവിധാനങ്ങൾക്കും പരമാവധി ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നടപടി പൂർത്തിയാക്കിയതെന്നും ഇസ്രായേൽ അറിയിച്ചു. രോഗികളോ മെഡിക്കൽ സ്റ്റാഫോ ഇവിടെ നിന്ന് ഒഴിഞ്ഞ് പോകേണ്ടതില്ലെന്നും, ഷിഫയിൽ ഉള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ആവശ്യമായ വെള്ളവും മരുന്നുകളും സൈന്യത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ടെന്നും ഐഡിഎഫ് വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു.