പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രിയെത്തുന്നത്. രാവിലെ 10ന് പാലക്കാട് നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണ് ഇന്ന് നടക്കുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ അണിനിരക്കും. രാവിലെ 9.30ന് കോയമ്പത്തൂരിൽ നിന്ന് പാലക്കാട് മേഴ്സി കോളേജ് മൈതാനത്തെത്തുന്ന അദ്ദേഹം റോഡ് മാർഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയിൽ പങ്കെടുക്കുക. ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എസ്പിജിയുടെ അടക്കമുള്ള സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് ജനങ്ങൾ റോഡ് ഷോയിൽ അണിനിരക്കും.