ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ബെംഗളൂരുവിലെ ചിക്കനായകനഹള്ളി നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു. പ്രദേശത്തെ സ്കൂളിന് മുന്നിലെ തൊഴിലാളി ഷെഡുകൾക്ക് സമീപത്ത് നിർത്തിയിട്ട ട്രാക്ടറിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ ബെംഗളൂരു പോലീസ് പിടിച്ചെടുത്തത്.
രാമേശ്വരം കഫേ ബോംബ് സ്ഫോടനത്തിന് ശേഷം ബെംഗളൂരു നഗരത്തിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. പതിവ് പരിശോധനയ്ക്കിടയിലാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട ട്രാക്ടറിൽ ശ്രദ്ധയിപ്പെട്ടത്. ട്രാക്ടർ ഉടമകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഭക്ഷണം കഴിക്കാൻ എന്ന വ്യാജേന എത്തിയ ആൾ ഉപേക്ഷിച്ച ബാഗിലാണ് സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ബെല്ലാരി സ്വദേശി ഷാബിറിനെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങളും എൻഐഎ പങ്കുവച്ചിരുന്നു.















