കടലൂർ: തമിഴ് നാട്ടിലെ കടലൂരിലെ പണ്രുട്ടിയിൽ പല്ലവ കാലഘട്ടത്തിലെ കൊട്രവൈ (ദുർഗ) വിഗ്രഹം കണ്ടെത്തി. അറിജ്ഞർ അണ്ണാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രൊഫസർമാരുൾപ്പെടെയുള്ള പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണത്തിലാണ് വിഗ്രഹം കണ്ടെത്തിയത്.
കോളേജിലെ ചരിത്ര വിഭാഗത്തിലെ പ്രൊഫസർമാരായ ഡി രമേഷ്, ഡി രംഗനാഥൻ, കടലൂർ ജില്ലാ പ്രൈമറി സ്കൂൾ സൂപ്രണ്ട് എം സേതുരാമൻ എന്നിവർ ചേർന്ന് കഴിഞ്ഞയാഴ്ച നടത്തിയ ഫീൽഡ് പരിശോധനയിലാണ് ഗ്രാമത്തിലെ കുളത്തിന്റെ ബണ്ടിൽ കൊട്രവൈ വിഗ്രഹം കണ്ടെത്തിയത്.
ശില്പത്തിന് 17 സെൻ്റീമീറ്റർ വീതിയും 59 സെൻ്റീമീറ്റർ ഉയരവുമുണ്ട്. വലംകൈയിൽ ചക്രവും വാളും ഒരു ചെറിയ കത്തിയും പിടിച്ച് കീഴ്‌കൈകൊണ്ട് അഭയമുദ്ര കാണിക്കുന്ന കൊട്രവൈയെ മഹേശ്വരന്റെ തലയിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. വിഗ്രഹത്തിൽ ഇടത് കയ്യിൽ ഒരു ശംഖും വില്ലും പരിചയും പിടിച്ചിരിക്കുന്നു, താഴത്തെ കൈ തുടയിൽ വിശ്രമിക്കുന്നു.
കൊട്രവൈയോട് ചേർന്ന് വലതുവശത്ത് ഒരു ത്രിശൂലത്തിന്റെയും ഇടതുവശത്ത് ഒരു മാനിന്റെയും പ്രതീകങ്ങളുണ്ട്. താഴെ വലതുഭാഗത്ത്, ഒരു ഭക്തൻ യാഗത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അതേസമയം ഇടതുവശത്ത് മറ്റൊരു രൂപം ആരാധനാ ഭാവത്തിൽ ഇരിക്കുന്നു.
മാതൃദൈവാരാധന പണ്ടു മുതലേ പിന്തുടരുന്ന തമിഴ്‍ നാട്ടിൽ പഴയ കാലത്ത് ആരാധിച്ചിരുന്ന പ്രധാന ദേവതയായിരുന്നു കൊട്രവൈ. ഫലഭൂയിഷ്ഠത, കൃഷി, വേട്ടയാടൽ എന്നിവയുടെ ദേവതയാണ് കൊട്രവൈ എന്ന് വിശ്വസിക്കപ്പെടുന്നു. കാലക്രമത്തിൽ കൊട്രവൈ ഒരു യുദ്ധദേവതയായി മാറുകയായിരുന്നു.
തമിഴ് നാട്ടിൽ നടക്കുന്ന ഉദ്ഘനനങ്ങളിൽ കൊട്രവൈ വിഗ്രഹങ്ങൾ കണ്ടുകിട്ടുക സാധാരണമാണ്. ഇവയിൽ പലതും മൂന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ കാഞ്ചീപുരം തലസ്ഥാനമാക്കിനിലനിന്നിരുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പല്ലവ രാജവംശത്തിന്റെ കാലത്തെ ആകാറുണ്ട് . തമിഴ്‌നാടിന്റെ വടക്കൻ ഭാഗങ്ങൾ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുടെ ചില ഭാഗങ്ങൾ വരെ അവർ ഭരിച്ചു.
2024 ഫെബ്രുവരി ആദ്യ വാരം ചെങ്കൽപട്ട് ജില്ലയിലെ സെയ്യൂർ താലൂക്കിലെ സീതാമൂർ പ്രദേശത്ത് ചരിത്രസ്മാരകങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയായായിരുന്ന ഐ.രമേശ് എട്ടാം നൂറ്റാണ്ടിലെ കൊട്രവൈ ശിൽപം കണ്ടെത്തി.
2024 ഫെബ്രുവരി രണ്ടാം വാരം തമിഴ്‍നാട്ടിലെ ഉളുന്ദൂർ പേട്ടക്ക് സമീപത്ത് നിന്ന് കൊട്രവൈ വിഗ്രഹം കണ്ടുകിട്ടിയിരുന്നു. അഞ്ചടി ഉയരവും നാലടി വീതിയുമുള്ള കല്ലിൽ നിർമ്മിച്ച ഈ കൊട്രവൈ വിഗ്രഹത്തിന് എട്ട് കൈകൾ ഉണ്ടായിരുന്നു. കള്ളക്കുറിച്ചിയിലെ പിൽറമ്പാട്ട് വില്ലേജിലെ കൃഷിയിടത്തിൽ കണ്ടെത്തിയ1200 വർഷം പഴക്കമുള്ള ശിൽപം ആരാധനയ്‌ക്കായി ഉപയോഗിച്ചിരുന്നതായി പുരാവസ്തു വിദഗ്ധർ സ്ഥിരീകരിച്ചു.
ഇവ രണ്ടും വയലുകളിൽ നിന്നായിരുന്നു കണ്ടെത്തിയത്.