റാഞ്ചി: ഝാർഖണ്ഡിലെ ജെഎംഎം നേതാവും ജാമ എംഎൽഎയുമായ സീതാ സോറൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് സീതാ സോറനെ അംഗത്വം നൽകി സ്വീകരിച്ചത്. ഝാർഖണ്ഡിന്റെ ചുമതലയുള്ള ലക്ഷ്മികാന്ത് ബാജ്പയും ഒപ്പമുണ്ടായിരുന്നു.
”14 വർഷമായി ജെഎംഎമ്മിൽ പ്രവർത്തിച്ചു. എന്നാൽ പാർട്ടിയിൽ നിന്ന് ലഭിച്ചത് അവഗണനമാത്രമാണ്. അതുകൊണ്ടാണ് ബിജെപിയിൽ ചേർന്നത്. എന്നിൽ വിശ്വാസമർപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നന്ദി. കേന്ദ്രസർക്കാരിന് ഒപ്പം ചേർന്ന് ഝാർഖണ്ഡിന്റെയും വനവാസി വിഭാഗങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രയത്‌നിക്കും.” ഝാർഖണ്ഡിന്റെ വികസനത്തിന് മാറ്റം അനിവാര്യമാണെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് സീതാ സോറൻ പറഞ്ഞു.
മൂന്ന് തവണ ജെഎംഎം എംഎൽഎ ആയിരുന്ന സീതാ സോറൻ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരഭാര്യയാണ് സീത. ഭർത്താവ് ദുർഗാ സോറന്റെ മരണശേഷം താനും കുടുംബവും പാർട്ടിയിൽ നിന്ന് അവഗണന നേരിട്ടു. ഇതാണ് പാർട്ടി വിടാൻ കാരണമെന്ന് ഭർതൃപിതാവും ജെ.എം.എം. ദേശീയ അദ്ധ്യക്ഷനുമായ ഷിബു സോറന് നൽകിയ രാജിക്കത്തിൽ അവർ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഗോത്രവർഗക്കാരാണ് ജെഎംഎമ്മിന്റെ പ്രധാന വോട്ടുബാങ്ക് എന്നിരിക്കെ പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ സീതാ സോറന്റെ മുന്നണി മാറ്റം എസ്ടി വിഭാഗക്കാർക്ക് ബിജെപിയോട് കൂടുതൽ അടുക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.