സിനിമാസ്വാദകരെ അതിശയിപ്പിക്കുന്ന പ്രകടനവുമായി എത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഇതിനോടകം 60 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിക്കഴിഞ്ഞു. ഒടിടിയിലും ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ.
‘മമ്മൂട്ടിയോടൊപ്പം ഇനിയും സിനിമ ചെയ്യും. എങ്ങനെയാണ് എന്നാണ് എന്നൊന്നും അറിയില്ല. പക്ഷേ മമ്മൂട്ടിയോടൊപ്പം ഒരു സിനിമ കൂടി ചെയ്യുന്നതായിരിക്കും. ഒരു പ്രോജക്ട് ഏറ്റെടുത്താൽ അത്രയും പാഷനേറ്റഡ് ആണ് മമ്മൂക്ക. കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ തന്നെ നമ്മുക്ക് അത് മനസിലാകും. മമ്മൂക്കയ്‌ക്ക് റീടേക്ക് അധികം എടുക്കേണ്ടി വരാറില്ല. അപൂർവ്വം ചില സന്ദർഭങ്ങളിൽ മാത്രമാണ് റീടേക്ക് എടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എപ്പോഴും മാജിക്കാണ്’- രാഹുൽ സദാശിവൻ പറഞ്ഞു.
രേവതിയെയും ഷെയ്ൻ നിഗത്തെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാന ചെയ്ത ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സദാശിവൻ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. ഭൂതകാലത്തിന് ശേഷം മറ്റൊരു ചിത്രമൊരുങ്ങുന്നു എന്ന വാർത്ത പുറത്തായതിന് പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ആകാംക്ഷ ഒട്ടും കുറയ്‌ക്കാതെ തന്നെയാണ് രാഹുൽ സദാശിവൻ ഭ്രമയുഗം പ്രേക്ഷകരിലേക്കെത്തിച്ചത്.