സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആരാധകരുടെ കാത്തിരിപ്പിനൊടുവിലായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലാാണ് ടീസറിലെ ഓരോ രംഗങ്ങളും. ഭയാനകമായ രൂപത്തിലും ഭാവത്തിലുമാണ് സൂര്യയെയും ടീസറിൽ കാണാൻ കഴിയുന്നത്. കങ്കുവായിലെ വില്ലൻവേഷം ചെയ്യുന്ന ബോബി ഡിയോളിന്റെ കഥാപാത്രത്തെയും ടീസറിൽ കാണാം. മാസ്മരികമായ ഫൈറ്റുസീനുകളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. കങ്കുവയുടേതായി പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. ദിക്ഷ പഠാനി നായികയാകുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്. ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ദേവി ശ്രീ പ്രസാദാണ് ഗാനങ്ങൾ ഒരുക്കുന്നത്.
ഈ വർഷം പകുതിയോടെ കങ്കുവ തിയേറ്ററിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരു പാൻ ഇന്ത്യൻ സിനിമയാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.















