ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണം നേരിട്ടതിന് പിന്നാലെ പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ലോക്പാൽ ഉത്തരവ്. മഹുവയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആയതിനാൽ ആഴത്തിലുള്ള പരിശോധനയും അന്വേഷണവും ആവശ്യമാണെന്നുമാണ് ലോക്പാൽ അറിയിച്ചിരിക്കുന്നത്.
ആരോപണങ്ങളെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നുമുള്ള അന്വേഷണം ആവശ്യമാണ്. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ഇതുകൂടാതെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന പ്രതിമാസ റിപ്പോർട്ടും സിബിഐ സമർപ്പിക്കണമെന്നാണ് ഉത്തരവ്. ലോക്പാൽ നിർദേശത്തെ തുടർന്ന് കേസിൽ പ്രാഥമിക അന്വേഷണം 2023 നവംബറിൽ സിബിഐ ആരംഭിച്ചിരുന്നു.
മഹുവാ മൊയ്ത്രക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് പ്രഥമ ദൃഷ്ട്യാ വ്യക്തമായിരിക്കുന്നത്. തൃണമൂൽ നേതാവിനുണ്ടായിരുന്ന ചുമതല കണക്കിലെടുക്കുമ്പോൾ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും ലോക്പാൽ നിർദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം ഇതിനോട് പ്രതികരിക്കാൻ മൊയ്ത്രയുടെ അഭിഭാഷകർ തയ്യാറായിട്ടില്ല.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു പാർലമെന്റിൽ നിന്നും മഹുവ പുറത്താക്കപ്പെട്ടത്. ലോക്സഭയുടെ എത്തിക്സ് കമ്മിറ്റിയുടേതായിരുന്നു തീരുമാനം.















