ന്യൂഡൽഹി: ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പുകൾ തായ്‌ലൻഡിൽ പ്രദർശിപ്പിക്കാൻ അനുവദിച്ചതിന് കേന്ദ്രസർക്കാരിനെ നന്ദി അറിയിച്ച് തായ്ലൻഡ് അംബാസിഡർ പട്ടരത് ഹോങ്ടോംഗ്. ഈ നീക്കം തങ്ങളുടെ വേരുകൾ തേടി ഇന്ത്യ സന്ദർശിക്കാൻ തായ്‌ലൻഡുകാരെ പ്രേരിപ്പിക്കുമെന്നും പട്ടരത് പറയുന്നു. പ്രദർശനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച പട്ടരത്, തായ്‌ലൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും ചൂണ്ടിക്കാട്ടി. തായ്‌ലൻഡിലെ നാല് നഗരങ്ങളിലായി 25 ദിവസത്തോളം നീണ്ടു നിന്ന പ്രദർശനമാണ് ഒരുക്കിയിരുന്നത്.
” ബുദ്ധമത വിശ്വാസികൾക്കും തായ്‌ലൻഡ് പൗരന്മാർക്കും ഭഗവാൻ ബുദ്ധന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരമൊരുക്കിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിക്കുകയാണ്. ചരിത്രപരമായ നിമിഷമാണിത്. ഇത്തരമൊരു നീക്കം ഉണ്ടായതിലൂടെ കൂടുതൽ ആളുകൾ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലേയും ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസരമാണിത്. 2000 വർഷത്തിലധികം പഴക്കമുള്ള ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്നും” പട്ടരത് പറയുന്നു.
ബുദ്ധ ഭഗവാന്റെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അരഹന്ത് സരിപുത്തന്റേയും മഹാ മൊഗല്ലനയുടേയും തിരുശേഷിപ്പുകൾ കഴിഞ്ഞ ദിവസമാണ് തായ്‌ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. തായ്‌ലൻഡിൽ നിന്നും പ്രത്യേക വിമാനം വഴിയാണ് ഡൽഹിയിലെത്തിച്ചത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, വിവിധ ബുദ്ധമതമേലദ്ധ്യക്ഷന്മാർ എന്നിവർ ചേർന്നാണ് തിരുശേഷിപ്പുകൾ ഏറ്റുവാങ്ങിയത്.
തായ്‌ലൻഡിൽ നടന്ന പ്രദർശനത്തിൽ നാൽപ്പത് ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായി ഇന്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ ഡയറക്ടർ ജനറൽ അഭിജിത്ത് ഹാൽഡർ പറഞ്ഞു. പ്രദർശനത്തിന്റെ ആദ്യ പത്ത് ദിവസം തന്നെ പത്ത് ലക്ഷത്തോളം പേരാണ് പ്രദർശന നഗരിയിൽ എത്തിയത്. ബുദ്ധമത വിശ്വാസികൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തി. ബുദ്ധമതം ഇന്നും വളരെ പ്രസക്തമാണെന്ന് തെളിയിക്കുന്ന അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നതെന്നും” അഭിജിത്ത് പറയുന്നു.















