കോട്ടയം: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദേവസ്വം ബോർഡ് ജീവനക്കാരൻ അറസ്റ്റിൽ. ക്ഷേത്ര കണക്കുകളിൽ തിരിമറി നടത്തി 24.73 ലക്ഷം രൂപ തട്ടിയെടുത്ത വിഷ്ണു കെ. ബാബുവാണ് അറസ്റ്റിലായത്.
തട്ടിപ്പ് പുറത്തായതോടെ വിഷ്ണുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന വടയാർ ഇളങ്കാവ് ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലും തട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2019-22 കാലഘട്ടത്തിൽ തിരുപുരം ക്ഷേത്രത്തിൽ സബ് ഗ്രൂപ്പ് ഓഫീസറായിരിക്കെയാണ് വിഷ്ണു ലക്ഷങ്ങളുടെ തിരിമറി നടത്തിയതെന്നാണ് ദേവസ്വം ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. പിന്നാലെ ദേവസ്വം ബോർഡ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. വിവരം പുറത്തായതോടെ 15 ലക്ഷം രൂപ തിരിച്ചടച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു,. നേരത്തെ വൈക്കം മഹാദേവ ക്ഷേത്രത്തിലും തട്ടിപ്പ് നടത്തി സസ്പെൻഷനിൽ ആയിട്ടുണ്ട്.