തായ്പേയ്: തായ്‌വാന് ചുറ്റും 15 ചൈനീസ് സൈനിക വിമാനങ്ങളും നാവികസേനയുടെ 10 കപ്പലുകളും ട്രാക്ക് ചെയ്തതായി തായ്വാൻ പ്രതിരോധ മന്ത്രാലയം. ഇന്നലെ രാവിലെ 6 മണി മുതൽ ഇന്ന് രാവിലെ ആറ് മണി വരെയുള്ള സമയത്തിനിടെയാണ് ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതിൽ ആറ് വിമാനങ്ങൾ തായ്വാനിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പ്രവേശിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ തായ്‌വാൻ സേനയുടെ വിമാനങ്ങളും യുദ്ധക്കപ്പലുകളും രാജ്യത്തിന് പ്രതിരോധം തീർത്തതായും റിപ്പോർട്ടിൽ പറയുന്നു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലായി തായ്‌വാൻ വിന്യസിച്ചിട്ടുണ്ട്.
ഈ മാസം മാത്രം 209 തവണയാണ് ചൈനീസ് സൈനിക വിമാനങ്ങളുടെ സാന്നിദ്ധ്യം തായ്‌വാനിൽ കണ്ടെത്തിയത്. ചൈനീസ് സേനയുടെ യുദ്ധക്കപ്പലുകൾ 133 തവണയും ട്രാക്ക് ചെയ്തിട്ടുണ്ട്. 2020 സെപ്തംബർ മുതൽ തായ്വാന് ചുറ്റുമായി ചൈനീസ് സൈനിക വിമാനങ്ങളുടേയും നാവിക കപ്പലുകളുടേയും എണ്ണം കുത്തനെ വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.