ചെന്നൈ: മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ബിജെപിയിൽ ചേർന്നു. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയാണ് അംഗത്വം നൽകി സ്വീകരിച്ചത്. ബിജെപിയിലൂടെ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
‘വാനതി ശ്രീനിവാസനെ പോലെയുള്ള പ്രതിഭകൾ ഇരുന്ന ഇടമാണത്. രാഷ്‌ട്രീയത്തിൽ കരുത്ത് തെളിയിച്ച് വിജയിച്ച സ്ത്രീകളുടെ ഉദാഹരണമാണ് അവർ. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഗവർണറായിരുന്നപ്പോൾ എനിക്ക് ചുറ്റും എല്ലാമുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടതിൽ ഒരു ശതമാനം പോലും ഞാൻ ഖേദിക്കുന്നില്ല. തെലങ്കാനയുടെ ഗവർണറായിരുന്നപ്പോൾ നിരവധി വെല്ലുവിളികൾ ഞാൻ നേരിട്ടു. നാല് മുഖ്യമന്ത്രിമാർക്ക് കീഴിലുള്ള തെലങ്കാനയുടെ ഭരണവും കണ്ടു. കേന്ദ്രസർക്കാരിന്റെ ഭരണത്തെ തമിഴ്‌നാട്ടിലെ ജനങ്ങളും അംഗീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ താമരവിരിയുമെന്ന് ഉറപ്പാണ്.- അവർ പറഞ്ഞു.
തമിഴ്‌നാടിന്റെ വികസനത്തിൽ പങ്കാളിയാകാനാണ് തമിഴിസൈ രാജിവച്ചതെന്ന് കെ അണ്ണാമലൈ പറഞ്ഞു. ബിജെപി മുന്നോട്ട് വയ്‌ക്കുന്ന വികസന- ജനക്ഷേമ ആശയങ്ങളിലൂടെ രാജ്യത്തിന്റെ കുതിപ്പിൽ പങ്കാളിയാകാനാണ് അവർ ആഗ്രഹിച്ചത്. ഗവർണർ സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ജനങ്ങളെയും ബിജെപിയെയും എങ്ങനെ സ്‌നേഹിക്കുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം. മികച്ച ഭരണ പരിചയവുമായാണ് അവർ ബിജെപിയിലേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















