ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യമെന്ന നേട്ടം വീണ്ടും ഫിൻലാൻഡിന് സ്വന്തം. 2024ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുടർച്ചയായി ഏഴാം തവണയും ഫിൻലാൻഡ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ആദ്യ പത്തിൽ ഡെൻമാർക്കും ഐസ്‌ലാൻഡും സ്വീഡനുമടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഇത്തവണയും ഇടംപിടിച്ചു. യുദ്ധം തുടരുകയാണെങ്കിലും ‘ഹാപ്പിനെസ്സിൽ’ കുറവില്ലെന്നാണ് അഞ്ചാം റാങ്ക് സ്വന്തമാക്കിയ ഇസ്രായേൽ വ്യക്തമാക്കുന്നത്. എന്നാൽ കാലങ്ങളായി ആദ്യ ഇരുപതിൽ തിളങ്ങി നിന്നിരുന്ന പടിഞ്ഞാറൻ യൂറോപ്പിലുള്ള രാജ്യങ്ങളും അമേരിക്കയും റാങ്കിംഗിൽ പിന്നോട്ട് പോയെന്നതാണ് മറ്റൊരു ട്വിസ്റ്റ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് യുഎസും ജെർമനിയും ആദ്യ 20 രാജ്യങ്ങളിൽ ഇടംപിടിക്കാതെ പോയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങൾക്കും 23, 24 എന്നിങ്ങനെയാണ് റാങ്ക് നില. കഴിഞ്ഞ തവണ 16-ാമതായിരുന്നു യുഎസിന്റെ സ്ഥാനം. അതിനിടെ യുദ്ധഭൂമിയിലെ പുതിയ ഭടൻമാരായി കോസ്റ്ററിക്കയും കുവൈറ്റും ആദ്യ 20 റാങ്കിംഗിനുള്ളിൽ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത്തവണയും ഒടുവിലെ സ്ഥാനം (143) മറ്റാർക്കും വിട്ടുകൊടുക്കാതെ അഫ്ഗാനിസ്ഥാൻ തന്നെ സ്വന്തമാക്കി. ലെബനനും സിറിയയും കോംഗോയും അഫ്ഗാന് പിറകിൽ തന്നെയുണ്ട്.
ഫിൻലാൻഡ്, ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, ഇസ്രായേൽ, നെതർലാൻഡ്സ്, നോർവേ, ലക്സംബർഗ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രേലിയ എന്നിവയാണ് പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങൾ. ലോകത്ത് സ്ത്രീകളേക്കാൾ കൂടുതൽ സന്തുഷ്ടരായി കഴിയുന്നത് പുരുഷന്മാരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ജാതിമതഭേദമന്യേയുള്ള കണക്കാണിത്.
കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും 126ാം റാങ്ക് തന്നെയാണ് ഇന്ത്യക്ക്. രാജ്യത്ത് ഏറ്റവും സന്തുഷ്ടരായ വിഭാഗം വയോധികരായ പുരുഷന്മാരാണെന്നും സർവേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ വയോധികരുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.















