ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ബിജെപി പിടിച്ചെടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും ഡൽഹിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബാൻസുരി സ്വരാജ്. ഇൻഡി സഖ്യവും ആംആദ്മിയും സ്വാർത്ഥ താത്പര്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പാർട്ടികളാണെന്നും ഇത് രാജ്യത്തിന്റെ വികസനത്തെ ബാധിക്കുമെന്നും ബാൻസുരി പറഞ്ഞു. ഡൽഹിയിൽ തെരെഞ്ഞടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബാൻസുരി സ്വരാജ്.
” രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി കോൺഗ്രസും ആംആദ്മിയും എന്ത് ചെയ്‌തെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല. ഈ പാർട്ടികൾ സ്വാർത്ഥ താത്പര്യത്തിലൂന്നി പ്രവർത്തിക്കുന്നവരാണ്. എന്നാൽ ബിജെപി ജനങ്ങൾക്കായി നിസ്വാർത്ഥ സേവനം കാഴ്ചവയ്‌ക്കുന്നു. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ ബിജെപി 400 സീറ്റുകൾ നേടിയെടുക്കും. ഇത് കേവലം ഒരു വാക്കല്ല, മറിച്ച് ബിജെപി പ്രവർത്തകരുടെ ദൃഢനിശ്ചയത്തിനും പ്രവർത്തനങ്ങൾക്കും ജനങ്ങൾ നൽകുന്ന സമ്മാനം കൂടിയായിരിക്കും.”- ബാൻസുരി സ്വരാജ് പറഞ്ഞു.
വികസിത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്ന യാത്രയിലാണ് രാജ്യം. രാമക്ഷേത്രം നിർമ്മിക്കുമെന്നും ആർട്ടിക്കിൾ 370 പിൻവലിക്കുമെന്നും സിഎഎ നടപ്പിലാക്കുമെന്നും ജനങ്ങൾക്ക് വാക്ക് തന്നിരുന്നു. അത് ഇന്ന് പാലിക്കപ്പെട്ടിരിക്കുകയാണ്. കേവലം മൈക്കുകളിലൂടെയുള്ള പ്രസംഗിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിലേക്കിറങ്ങി അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതിനോടാണ് ബിജെപി താത്പര്യപ്പെടുന്നതെന്നും ബാൻസുരി കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അവർ നൽകുന്ന സ്‌നേഹം വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിന് കരുത്തും ഊർജ്ജവും പകരുന്നതാണ്. സ്ത്രീകൾക്കായി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും രാജ്യത്തിനായി നിസ്വാർത്ഥ സേവനം നൽകാൻ താത്പര്യപ്പെടുന്നുവെന്നും ബാൻസുരി വ്യക്തമാക്കി.















