ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്മാർട്ട് റീപ്ലേ സിസ്റ്റം അവതരിപ്പിച്ച് ബിസിസിഐ. റിവ്യൂ സിസ്റ്റത്തിന്റെ കൃത്യതയും വേഗവും വർദ്ധിപ്പിക്കുന്നതിനായാണ് റീപ്ലേ സിസ്റ്റം അവതരിപ്പിക്കുന്നത്. ഇതുപ്രകാരം കൂടുതൽ വ്യക്തതയുള്ള എട്ട് ഹോക്ക്-ഐ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ അമ്പയർക്ക് ലഭ്യമാകും. ചിത്രങ്ങൾ ലഭ്യമാക്കാനായി അമ്പയർക്കൊപ്പം രണ്ട് ഓപ്പറേറ്റർമാരുമുണ്ടാകും. സ്മാർട്ട് റീപ്ലേ സിസ്റ്റം നിലവിൽ വരുന്നതോടെ തേർഡ് അമ്പയറിനും ഹോക്ക്-ഐ ഓപ്പറേറ്റർമാർക്കും ഇടയിൽ പ്രവർത്തിച്ചിരുന്ന ടിവി ബ്രോഡ്കാസ്റ്റർ ഡയറക്ടർ ഇല്ലാതാകും.
അതുപോലെ തന്നെ റിവ്യൂ പരിശോധിക്കാനായി സ്പ്ലിറ്റ് സ്‌ക്രീൻ സംവിധാനവും അമ്പയർക്ക് ലഭിക്കും. ബൗണ്ടറി ലൈനിന് അടുത്തുള്ള ക്യാച്ചുകളിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ ഇതിലൂടെ സാധിക്കും. കാരണം സ്പ്ലിറ്റ് സ്‌ക്രീൻ സംവിധാനത്തിലൂടെ രണ്ട് വ്യത്യസ്ത ദൃശ്യങ്ങൾ തേർഡ് അമ്പയർക്ക് പരിശോധിക്കാനാകും. മുമ്പ് ഈ സേവനം ലഭ്യമായിരുന്നില്ല.
ഹോക്ക് ഐ അധികൃതരും ടിവി അമ്പയറും ഇനി ഒരേ റൂമിലായിരിക്കും ഇരിക്കുക. ഇതുവഴി റിവ്യൂ സിസ്റ്റത്തിന്റെ വേഗം വർദ്ധിപ്പിക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്.