ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ഗ്വാദർ തുറമുഖ സമുച്ചയത്തിൽ സ്ഫോടനം. സായുധരായെത്തിയ എട്ടംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ തുറമുഖത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു.
സംഭവസ്ഥലത്ത് സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ചൈനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തുറമുഖത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയോട് (BLA) ചേർന്ന് പ്രവർത്തിക്കുന്ന മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി പ്രസിഡന്റ് ഷീ ജിൻപിംഗ് കൊണ്ടുവന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ (CPEC) സുപ്രധാനമെന്ന് കരുതുന്ന ഒന്നാണ് ഗ്വാദർ തുറമുഖം. എന്നാൽ വികസനത്തിന്റെ പേരിൽ പാകിസ്താനിൽ ചൈന നടത്തുന്ന ഇടപെടലുകളോട് ബലൂച് ആർമി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ബലൂച് പ്രവിശ്യയിൽ സമൃദ്ധമായി കിടക്കുന്ന വിഭവങ്ങൾ ചൂഷണം ചെയ്യുകയാണ് പാകിസ്താനും ചൈനയുമെന്നാണ് സംഘടനയുടെ ആരോപണം.















