ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട് ഭീകരർ അറസ്റ്റിൽ ഹാരിസ് അജ്മൽ ഫാറൂഖി , അനുരാഗ് സിംഗ് എന്ന രെഹാൻ എന്നിവരെയാണ് അസമിലെ ധുബ്രിയിൽ നിന്ന് അസം പൊലീസിന്റെ എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തത് .
ഇന്ത്യയിലെ ഐഎസ് മൊഡ്യൂളിന്റെ തലവനാണ് ഹാരിസ് ഫാറൂഖി. റഹാൻ എന്ന അനുരാഗ് സിംഗ് ഹാരിസിന്റെ അടുത്ത സഹായികളിൽ ഒരാളാണ്. ഇരുവരും ഭീകര സംഘടന റിക്രൂട്ട്‌മെൻ്റ്, തീവ്രവാദ ഫണ്ടിംഗ്, രാജ്യത്തുടനീളമുള്ള ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
നിരവധി കേസുകളിൽ എൻഐഎ അന്വേഷിക്കുന്ന ഇവർ കുറച്ചുകാലമായി ബംഗ്ലാദേശിൽ ഒളിവിലായിരുന്നു. ഈയിടെയാണ് ഇവർ ഇന്ത്യയിൽ എത്തിയത് . പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനാണ് എത്തിയതെന്നാണ് റിപ്പോർട്ട് . ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള പ്രദേശമാണ് ധുബ്രി .
പ്രദേശത്ത് ഇവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഐ ജി പാർത്ഥ സാരഥി മഹന്ത , കല്യാൺ കുമാർ പതക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ .രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാർച്ച് 19 നാണ് എസ്ടിഎഫ് സംഘം ധുബ്രിയിലെത്തിയത്. മാർച്ച് 20 ന് പുലർച്ചെ 4 മണിയോടെ ധുബ്രിയിലെ ധർമശാല മേഖലയിൽ അന്താരാഷ്‌ട്ര അതിർത്തി കടന്നാണ് ഇവരെ പിടികൂടിയത്.നിയമനടപടികൾക്ക് ശേഷം അസം പൊലീസ് എസ്ടിഎഫ് ഇവരെ എൻഐഎയ്‌ക്ക് കൈമാറും.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ചക്രത സ്വദേശിയാണ് ഹാരിസ് അജ്മൽ ഫാറൂഖി. റഹാൻ എന്ന അനുരാഗ് സിംഗ് പാനിപ്പത്ത് സ്വദേശിയാണ്. ഇസ്ലാം മതം സ്വീകരിക്കുകയും മതപരിവർത്തനത്തിന് ശേഷം റഹാൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു . ബംഗ്ലാദേശ് യുവതിയെയാണ് റഹാൻ വിവാഹം കഴിച്ചത്.ഹാരിസ് ഫാറൂഖിയും റെഹാനും അസം വഴി ഇന്ത്യയിലെത്തിയ ശേഷം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറാൻ പദ്ധതിയിട്ടിരുന്നതായി കരുതപ്പെടുന്നു.എൻഐഎ പറയുന്നതനുസരിച്ച്, ഹാരിസ് ഫാറൂഖിക്ക് രാജ്യത്ത് കണ്ടെത്തിയ എല്ലാ ഭീകര ഘടകങ്ങളുമായും ബന്ധമുണ്ട്.