തൃശൂർ: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർ എൽ വി രാമകൃഷ്ണൻ. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ജീർണിച്ച മനസുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാമകൃഷ്ണൻ.
‘ഇതിന് മുമ്പും ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായിരുന്നു. അതിനെതിരെ അന്ന് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ ആ കേസ് കോടതിയിലാണ്. അകാരണമായാണ് ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എനിക്കെതിരെ ഉണ്ടായത്. എന്റെ പേര് പറഞ്ഞില്ലെങ്കിലും എന്നെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് വ്യക്തമാണ്. കാരണം, ചാലക്കുടിക്കാരനായ നൃത്ത അദ്ധ്യാപകൻ, കെപിഎസി ലളിതയുമായി വാഗ്‌വാദം
നടത്തിയിട്ടുള്ള കലാകാരൻ, മോഹിനിയാട്ട കലാകാരൻ ആ പറയുന്നതിൽ നിന്നൊക്കെ ഞാൻ തന്നെയാണെന്ന് കൃത്യമായി മനസിലാകും’.
‘അമ്മക്ക് പോലും സഹിക്കാനാകില്ല എന്ന് പറഞ്ഞ് എന്റെ അമ്മയെ പോലും അവർ ഇതിലേക്ക് വലിച്ചിഴച്ചു. വളരെ മോശമായുള്ള കാര്യമാണിത്. കറുത്ത വർഗക്കാരായ കലാകാരന്മാർക്കെതിരെയുള്ള വളരെ മ്ലേച്ഛമായ പരാമർശമാണിത്. കാക്കയെ പോലെ എന്ന് പറയുമ്പോൾ തന്നെ അത്രയും നികൃഷ്ട ജീവിയെന്നാണ് അവർ പറയുന്നത്. സൗന്ദര്യമില്ലാത്ത ആരും ഇത് ചെയ്യാൻ പാടില്ലെന്ന് പറയുന്നു. ഇത് കലാരംഗത്തേക്ക് കടന്നുവരുന്ന കറുത്ത നിറമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ്’.
‘നിയമപരമായി തന്നെ ഇതിനെ നേരിടും. ഇനി ഒരിക്കലും കറുത്ത വർഗക്കാർക്കെതിരെ ഇത്തരത്തിൽ ഒരാളും ശബ്ദമുയർത്താൻ പാടില്ല. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ഇതിന് നിയമ വകുപ്പുകളുണ്ട്. എനിക്ക് വിദ്യാഭ്യാസം ഇല്ലെന്നുൾപ്പെടെ പറഞ്ഞ് വളരെ ഇകഴ്‌ത്തിയാണ് അവർ സംസാരിക്കുന്നത്. നിയമവിധേയമാക്കേണ്ട വസ്തുതയാണിത്. ഇനി ഒരിക്കലും ഒരു കറുത്ത വർഗക്കാരനും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത്. ഇത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും’- രാമകൃഷ്ണൻ പറഞ്ഞു.