തിരുവനന്തപുരം: റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിപ്പോയ അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. യുവാക്കളുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ അന്വേഷിച്ച് വിദേശത്ത് പോയ യുവാക്കൾ യുദ്ധഭൂമിൽ അകപ്പെട്ട് പോയ സംഭവം ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഇവരെ തിരിച്ച് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. തിരിച്ച് വരാൻ താൽപര്യമുള്ളവരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് റഷ്യയോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയിലെ ഇന്ത്യൻ എംബസിയും വിഷയം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. എല്ലാം ദിവസവും റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ടെലിഫോണിലൂടെ കൈമാറുന്നുണ്ടെന്നും, മന്ത്രി അറിയിച്ചു.
യുവാക്കളെ കൊണ്ടുപോയ വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞതായും വി മുരളീധരൻ കൂട്ടിച്ചേർത്തു. സിബിഐ അടക്കം അന്വേഷണത്തിൽ ഇടപെട്ടിട്ടുണ്ട്. യുവാക്കളെ എത്രയും പെട്ടന്ന് തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.
സഹോദരങ്ങളായ പ്രിൻസ് (24) റ്റിനു (25), വിനീത് (24) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റാണ് മികച്ച ശമ്പളവും ജോലിയും വാഗ്ദാനം ചെയ്ത് ഇവരെ റഷ്യയിലേക്ക് അയച്ചത്. ഇതിൽ ഒരാൾക്ക് വെടിയേറ്റതായും വിവരമുണ്ട്.
റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവൽ ഏജൻസി ഓഫിസുകൾ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസികളാണ് അടച്ചുപൂട്ടിയത്.