ചെന്നൈ: മുംബൈ ഇന്ത്യൻസിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിലും നായകസ്ഥാനത്തിൽ മാറ്റം. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം എംഎസ് ധോണി ഒഴിഞ്ഞു. ഋതുരാജ് ഗെയ്ക്‌വാദാണ് സിഎസ്‌കെയുടെ പുതിയ നായകൻ.
ടീം മാനേജ്‌മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഐപിഎൽ വെബ്‌സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ധോണി നായക സ്ഥാനം ഒഴിഞ്ഞത് ചെന്നൈയുടെ ആരാധകരെയും നിരാശയിലാക്കിയിട്ടുണ്ട്.
ചെന്നൈയ്‌ക്ക് അഞ്ച് തവണ ഐപിഎൽ കിരീടം നേടി കൊടുത്ത നായകനാണ് എം.എസ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് കഴിഞ്ഞ വർഷം സിഎസ്‌കെ ഐപിഎൽ കപ്പുയർത്തിയതും ധോണിക്ക് കീഴിലാണ്. ആരാധകർ തലയെന്ന് വിളിക്കുന്ന ധോണി തന്നെയായിരുന്നു സിഎസ്‌കെയുടെ ഏറ്റവും വലിയ കരുത്ത്.
2022 ഐപിഎല്ലിന് തൊട്ടുമുൻപ് ക്യാപ്റ്റ്ൻ സ്ഥാനം ഒഴിയാൻ ധോണി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ധോണിയുടെ അഭാവത്തിൽ രവീന്ദ്ര ജഡേജ ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാൽ തുടർച്ചയായി പ്രകടനം മോശമായതിനെ തുടർന്ന് ധോണിയോട് തീരുമാനം പുനപരിശോധിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. 42 കാരനായ ധോണിയുടെ ഐപിഎല്ലിലെ സാന്നിദ്ധ്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നേരത്തെ മുതൽ സജീവമായിരുന്നു.
2023 സീസണിൽ 590 റൺസ് നേടി ഋതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ കുതിപ്പിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. 2019 മുതൽ ഋതുരാജ് ഗെയ്‌ക്ക്വാദ് ചെന്നൈ ടീമിനൊപ്പം ഉണ്ട്. ഇതുവരെ ചെന്നൈയ്‌ക്ക് വേണ്ടി 52 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.