ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകി ആർബിഐ. മാർച്ച് 31-ഞായറാഴ്ചയാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം എന്നതിനാലാണ് തീരുമാനം.
മാർച്ച് 25,26 എന്നീ തീയതികളിൽ ഹോളിയോടനുബന്ധിച്ച് രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയാണ്. കൂടാതെ മാർച്ച് 29- ദുഃഖവെള്ളിയെ തുടർന്നും ബാങ്കുകൾക്ക് അവധിയായിരിക്കും. ഈ അവധികൾ കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം കൈമാറിയത്. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകൾക്കും ഏജൻസികൾക്കും ഞായറാഴ്ച പ്രവൃത്തി ദിനമായിരിക്കും.
2023-24 സാമ്പത്തിക വർഷത്തിലുള്ള എല്ലാ രസീതുകളും മറ്റ് സാമ്പത്തിക ഇടപാടുകളും സർക്കാർ ഇടപാടുകളും പൂർത്തിയാക്കുന്നതിനാണ് ഞായറാഴ്ച പ്രവർത്തിദിനമാക്കാൻ തീരുമാനിച്ചത്. എന്നാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ പരിമിതമായിരിക്കും.