കെജ്‍രിവാളിന് കുരുക്ക് മുറുകുന്നു; വീട്ടിൽ ഇഡി സംഘം, ഫോണുകൾ പിടിച്ചെടുത്തു: അറസ്റ്റിന് സാധ്യത

Published by
Janam Web Desk

ന്യൂഡൽഹി: മദ്യനയ കുംഭകോണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇഡി സംഘം. വൻ പോലീസ് സന്നാഹത്തോടെയാണ് പരിശോധനയ്‌ക്കായി ഇഡി സംഘം എത്തിയത്. ഡൽഹി മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് മുൻകൂർ സംരക്ഷണം നൽകാനാകില്ലെന്ന കോടതി ഉത്തരവിന്റെ പിന്നാലെയാണ് ഇഡി എത്തിയത്.

സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിന്റെ വസതിയിലെത്തിയത്. എട്ട് ഉദ്യോ​ഗസ്ഥരടങ്ങുന്ന സംഘം കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇഡി ജോയിന്റ് ഡയറക്ടർ കപിൽ ഡോവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്‍റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. കെജ്‍രിവാളിന്റെ ഫോണുകളും ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ഇഡി വസതിയിൽ എത്തിയതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി ആം ആദ്മി പാർട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം. അറസ്റ്റ് തടയാത്ത ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകാനാകില്ലെന്നാണ് കോടതി ഇന്ന് അറിയിച്ചത്. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറെ വിളിച്ചുവരുത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. ഇ ഡി ഒൻപത് തവണയാണ് അരവിന്ദ് കെജ്‍‌രിവാളിന് സമൻസ് അയച്ചത്. എന്നാൽ, ഇതുവരെയും ഇഡിക്ക് മുന്നിൽ ഹാജരാകാൻ അരവിന്ദ് കെജ്‍രിവാൾ തയ്യാറായിരുന്നില്ല. ഞായറാഴ്ചയാണ് ഇ.ഡി ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

 

Share
Leave a Comment