തൃശൂർ: മോഹിനിയാട്ടത്തിന് കൂടുതൽ വേദിയൊരുക്കി കൊടുക്കുമെന്ന സുരേഷ് ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വളരെയധികം സന്തോഷമുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹം അങ്ങനെ ഒരു അവസരം തരികയാണെങ്കിൽ തീർച്ചയായും കലാകാരൻ എന്ന നിലയിൽ ഞാൻ സഹകരിക്കും. പരിപാടിയിൽ പങ്കെടുക്കും. അതിൽ രാഷ്‌ട്രീയമില്ല, കല മാത്രമേയുള്ളു. അദ്ദേഹത്തിന്റെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ട്’.
‘എല്ലാവരും ഒരുമിച്ച് നിന്ന് പിന്തുണച്ചു. കേരളം ഒന്നടങ്കം കൂടെയുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ജാതി അധിക്ഷേപത്തിൽ പൊലീസിനും മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകും. എല്ലാവരും ഒത്തുചേർന്ന് നിന്നു. ഭാവി തലമുറയെ വർഗ-വർണ വിവേചനമില്ലാതെ കാണണമെന്ന നർത്തകരുടെയും കലാസ്വാദകരുടെയും കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെയുള്ള പിന്തുണ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ‘-രാമകൃഷ്ണൻ പറഞ്ഞു.
രാമകൃഷ്ണന് താൻ വേദി നൽകുമെന്നും തന്റെ കുടുംബത്തിലെ മഹോത്സവത്തിന് രാമകൃഷ്ണനെ പങ്കെടുപ്പിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. മോഹിനിയാട്ടത്തിന് കൂടുതൽ വേദികൾ ഒരുക്കി അദ്ദേഹത്തെ പരിപാടികൾക്ക് ക്ഷണിക്കുമെന്നും മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കവെ സുരേഷ് ഗോപി വ്യക്തമാക്കി.















