ലക്നൗ: ‘ഉത്തർപ്രദേശ് മദ്രസാ എജ്യുക്കേഷണൽ ആക്ട് 2004’ ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
മതേതര മൂല്യങ്ങളുടെ ലംഘനമാണ് യുപിയിലെ മദ്രസാ നിയമമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. നിലവിൽ മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും കുട്ടികളെ എത്രയും വേഗം ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരണമെന്നും കോടതി അറിയിച്ചു.
അൻഷുമാൻ സിംഗ് റാത്തോഡ് എന്നയാളുടെ റിട്ട് ഹർജിയിലാണ് കോടതി ഇടപെടലുണ്ടായത്. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബ്രാഞ്ചിലാണ് ഹർജി പരിഗണിച്ചത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മദ്രസകൾക്ക് സർക്കാരിൽ നിന്ന് ലഭിച്ചിരുന്ന എല്ലാവിധ സാമ്പത്തിക സഹായങ്ങളും ആനൂകൂല്യങ്ങളും താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താനുള്ള യുപി സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. നേരത്തെ മദ്രസകളിലേക്ക് എത്തുന്ന വിദേശ ഫണ്ടുകൾ സംബന്ധിച്ച് സംസ്ഥാനത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയും യുപി സർക്കാർ നിയോഗിച്ചു.