ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യവുമായി റോയൽ ചലഞ്ചേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. അനുജ് റാവത്താണ് (48) ആർസിബിയുടെ ടോപ് സ്‌കോറർ. സിഎസ്‌കെയ്‌ക്കായി മുസ്താഫിസുർ റഫ്മാൻ നാല് വിക്കറ്റ് നേടി. ദീപക് ചഹർ ഒരു വിക്കറ്റും വീഴ്‌ത്തി.
ഓപ്പണർമാരായ വിരാട് കോലിയും നായകൻ ഫാഫ് ഡുപ്ലിസിയും ചേർന്ന് മികച്ച തുടക്കം നൽകിയിരുന്നുവെങ്കിലും മൂന്ന് വിക്കറ്റുകളാണ് അഞ്ച് ഓവറിനിടെ ആർസിബിക്ക് നഷ്ടമായത്. ടീം സ്‌കോർ 41-ൽ നിൽക്കെയാണ് ആർസിബിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. നായകൻ ഫാഫ് ഡുപ്ലസിയെ(35) മുസ്താഫിസുർ റഫ്മാൻ രവീന്ദ്ര ജഡജേയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ എത്തിയ രജത് പടീദാറും ഗ്ലെൻമാക്‌സ് വെല്ലും റൺസൊന്നുമെടുക്കാതെ കൂടാരം കയറി. രജതിനെ മുസ്താഫിസുറും മാക്‌സ് വെല്ലിനെ ദീപക് ചഹറുമാണ് ധോണിയുടെ കൈകളിലെത്തിച്ചത്.
വിരാട് കോലിയും കാമറൂൺ ഗ്രീനും ചേർന്ന് ചെന്നൈ ഉയർത്തിയ സമ്മർദ്ദത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു ഫലം. കോലിയെയും(21) ഗ്രീനിനെയും(18) മുസ്താഫിർസുർ പുറത്താക്കി. പിന്നീടെത്തിയ അനുജ് റാവത്തിന്റെയും ദിനേശ് കാർത്തികിന്റെ ചെറുത്ത് നിൽപ്പാണ് ആർസിബിയെ ടീം സ്‌കോർ 150 കടത്താൻ സഹായിച്ചത്. 48 റൺസെടുത്ത അനുദജിനെ ധോണി റണൗട്ടാക്കുകയായിരുന്നു. ദിനേശ് കാർത്തിക് (38) പുറത്താകാതെ നിന്നു.