വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബരുദ വിദ്യാർത്ഥി സിദ്ധാർത്ഥനെ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർ തുടർച്ചയായി എട്ട് മാസം റാഗ് ചെയതെന്ന് റിപ്പോർട്ട്. ആൻ്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
താൻ പലതവണ റാഗിങിന് ഇരയായതായി സിദ്ധാർത്ത് പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്ക്വാഡിന് മൊഴി നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ താമസം തുടങ്ങിയ അന്ന് മുതൽ എല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ റിപ്പോർട്ട് ചെയ്യാൻ സിദ്ധാർത്ഥിനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകുന്നേരവും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിർദേശിച്ചിരുന്നത്.
കോളേജിൽ വളരെ സജീവമായിരുന്ന സിദ്ധാർത്ഥിനെ വരുതിയിലാക്കണമെന്ന് കോളേജ് യൂണിയൻ നേതൃത്വം ആദ്യമേ തീരുമാനിച്ചിരുന്നു. സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരിൽ ചിലർ സ്ക്വാഡിന് മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. പുതിയ കണ്ടെത്തലുകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ നിയമോപദേശം തേടിയ ശേഷമാകും അവൈസ് ചാൻസലർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.