ന്യൂഡൽഹി: ഭൂട്ടാൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്.
തിംഫുവിലെ തഷിചോഡ്സോങ് കൊട്ടാരത്തിലെ സ്വീകരണവും ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ഒരുക്കിയ വിരുന്ന് സൽക്കാരത്തിന്റെയും ഘോഷയാത്രയുടെയും ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഭൂട്ടാന്റെ സംസ്കാരം വിളിച്ചോതുന്ന ഘോഷയാത്രയും ഒരുക്കിയിരുന്നു.
ഭൂട്ടാൻ രാജാവിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഭൂട്ടാൻ മുൻ രാജാവ് ജിഗ്മേ സാങ്യേ വാങ്ചുക്കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ഭൂട്ടാൻ സൗഹൃദ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നു.പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്.
ഊർജം, വ്യാപാരം, ഡിജിറ്റൽ കണക്ടിവിറ്റി, ബഹിരാകാശം, കാർഷികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രത്തലവന്മാരും ചർച്ച നടത്തുകയും ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനത്തിന് കഴിഞ്ഞെന്നുള്ളത് വ്യക്തമാണ്. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് എത്തിക്കുന്ന പെട്രോളിയം, എണ്ണ തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.