ബ്രീട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കണമെന്ന ലക്ഷ്യവുമായെത്തിയ വിനായക് ദാമോദർ സവർക്കറിന്റെ ജീവിത കഥ. ഈ കഥ ജനങ്ങളുടെ മുന്നിലേക്ക് തുറന്നുകാട്ടിയ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സോഫീസ് വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രം ഒറ്റ ദിവസം കൊണ്ട് 1.15 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്.
റിലീസിന് മുമ്പ് ചില തടസങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. മഹേഷ് മഞ്‌ജേക്കറിന്റെ സംവിധാനത്തിൽ ബോളിവുഡ് താരം രൺദീപ് ഹൂഡയാണ് വീർ സവർക്കറായി ചിത്രത്തിലെത്തിയത്. തിയേറ്ററിലെത്തിയതിന് പിന്നാലെ നിരവധി അഭിപ്രായങ്ങളും പ്രേക്ഷകർ പങ്കുവച്ചിരുന്നു.
സവർക്കറുടെ സഹോദരന്റെ വേഷത്തിൽ അമിത് സിയാലും ഭാര്യയുടെ വേഷത്തിൽ അങ്കിത ലോഖണ്ഡേയുമാണ് എത്തിയത്. ഇത് കൂടാതെ, ഗാന്ധിജിയുടേയും ഡോ.അംബേദ്കറിന്റേയും കഥാപാത്രങ്ങളും മികവുറ്റതായിരുന്നെന്ന് പ്രേക്ഷകർ പറയുന്നു. പ്രേക്ഷകരെ വികാരഭരിതരാക്കുന്ന നിരവധി ഷോട്ടുകളും ചിത്രത്തിലുണ്ട്.
രാവിലെ 10.30-നായിരുന്നു കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്. ഹിന്ദി, മറാത്തി ഭാഷകളിലാണ് സിനിമ തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ തിയേറ്ററുകളിലായിരുന്നു പ്രദർശനം.