ഭൂമി കുലക്കം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഭൂരിഭാഗം പേർക്കും അറിയാവുന്നതാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങൾ എന്നും ഭൂകമ്പത്തിന്റെ പിടിയിലാണ്. എന്നാൽ ഒരൊറ്റ ദിവസം തന്നെ 2,000-ത്തിലധികം ഭൂകമ്പങ്ങൾ സംഭവിച്ചാലോ? ഓർക്കുമ്പോൾ പോലും ഒരു പക്ഷേ ഞെട്ടൽ തോന്നാം. എന്നാൽ കാനഡ ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
വാൻകൂവർ ദ്വീപിന്റെ തീരത്ത് നിന്ന് 150 മൈൽ അകലെയുള്ള എൻഡവർ സൈറ്റ് എന്നറിയപ്പെടുന്ന സ്ഥലത്താണ് ഭൂകമ്പ പരമ്പര ഉണ്ടായത്. എന്നാൽ ഇത് മനുഷ്യന് യാതൊരു വിധത്തിലുള്ള നാശനഷ്ടങ്ങളും നൽകുന്നില്ലെന്നും ഭീഷണി സൃഷ്ടിക്കില്ലെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഭൂകമ്പത്തിന്റെ ഫലമായി കടലിന്റെ അടിത്തട്ട് വീണ്ടുകീറിയതായാണ് റിപ്പോർട്ട്. ഭൂകമ്പം അനുഭവപ്പെട്ട പ്രദേശത്ത് വിവിധ ജലവൈദ്യുത വെൻ്റുകളുണ്ട്. സമുദ്രത്തിലെ മധ്യഭാഗത്ത് നിന്നും ചൂടായ ജലം പുറത്തേക്ക് ഒഴുകുന്ന വിള്ളലുകളെയാണ് ഹൈഡ്രോതെർമൽ വെന്റുകൾ എന്ന് പറയുന്നത്. ഇവയുടെ സാന്നിധ്യമാണ് കടലിന്റെ അടിത്തട്ട് വിണ്ടുകീറാൻ ഇടയാക്കിയത്.
നടുകടലിലെ ഭൂകമ്പങ്ങൾ സമുദ്രത്തിന്റെ അടിത്തട്ട് വേർപ്പെടുത്തുന്നതിന് പിന്നാലെ പുതിയ പുറംതോട് രൂപപ്പെടുകയും ചെയ്യുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മറൈൻ ജിയോഫിസിക്സിൽ ഡോക്ടറൽ കാൻഡിഡേറ്റ് സോ ക്രൗസ് പറഞ്ഞു. 2018 മുതൽ ഈ പ്രദേശത്ത് ഭൂകമ്പം സ്ഥിരമാണ്. എന്നിരുന്നാലും കഴിഞ്ഞ മാർച്ച് ആറിന് ഓരോ മണിക്കൂറിലും കുറഞ്ഞത് 200 ചെറിയ ഭൂകമ്പങ്ങൾ കടൽത്തീരത്ത് ഉണ്ടായി. കടൽത്തീരത്തിന്റെ വ്യാപ്തി വർദ്ധിച്ചത് സമ്മർദ്ദം വർദ്ധിക്കാൻ കാരണമായി. ഇതാണ് ഭൂകമ്പ പരമ്പരയ്‌ക്ക്കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.