ചണ്ഡിഗഢ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റൽസ് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. അവസാന ഓവറുകളിൽ അടിച്ചു തകർത്ത അഭിഷേക് പൊരേലിന്റെ(32) ബാറ്റിംഗാണ് ഡൽഹിയുടെ സ്‌കോർ ഉയർത്തിയത്. 33 റൺസെടുത്ത ഷായ് ഹോ്പ്പാണ് ഡൽഹി ക്യാപിറ്റൽസിന്റെ ടോപ് സ്‌കോറർ. പഞ്ചാബ് നിരയിൽ അർഷ്ദീപ് സിംഗും ഹർഷൽ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. കഗീസോ റബാദ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ മാർഷിനെ ഡൽഹിക്ക് നഷ്ടപ്പെട്ടു. 20 റൺസ് നേടിയ താരത്തെ,അർഷ്ദീപ് സിംഗ് രാഹുൽ ചാഹറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഡേവിഡ് വാർണറിനെ (29) ഹർഷൽ പട്ടേൽ കൂടാരം കയറ്റി. വൺ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തിൽ 33) കഗിസോ റബാദയും മടക്കി.
ഒരിടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ നായകൻ ഋഷഭ് പന്തിന് മത്സരത്തിൽ താളം കണ്ടെത്താനായില്ല. 13 പന്തിൽ 18 റൺസ് നേടിയ താരത്തെ ഹർഷൽ പട്ടേൽ ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു. റിക്കി ഭുയി(3), ട്രിസ്റ്റൻ സ്റ്റബ്സ്് (5), അക്സർ പട്ടേൽ (21), സുമിത് കുമാർ (2), കുൽദീപ് യാദവ് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.















