മോസ്കോ: റഷ്യയിൽ നടന്ന ഐഎസ് ഭീകരാക്രമണത്തെ അപലപിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. പ്രാകൃതവും വന്യവുമായ ആക്രമണമാണ് ഐഎസ് നടത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ രാത്രി മോസ്കോയിൽ ആക്രമണം നടന്നതിന് ശേഷം ആദ്യമായാണ് പ്രസിഡന്റ് പ്രതികരിച്ചത്. മാർച്ച് 24ന് ദേശീയ ദുഖാചരണ ദിനമായി പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ഇതിനോടകം 11 പേർ അറസ്റ്റിലാണ്. ഇതിൽ നാല് പേർ ഐഎസ് ഭീകരരാണെന്നും ഇവർ ആക്രമണത്തിൽ നേരിട്ട് പങ്കാളികളായവരാണെന്നും പുടിൻ അറിയിച്ചു. കൊലപാതകികളും തീവ്രവാദികളും മനുഷ്യത്വമില്ലാതെ പ്രവർത്തിച്ചവരും തയ്യാറായിരുന്നോളൂ.. ആക്രമണം നടത്തിതിന് ശേഷം ഭീകരർ യുക്രെയ്നിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തി. ഭീകരർക്ക് പിന്തുണ നൽകിയവരെയും ആക്രമണം ആസൂത്രണം ചെയ്തവരെയും കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കി.
കഴിഞ്ഞ 20 വർഷത്തിനിടെ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായാണ് ക്രോക്കസ് സിറ്റി ഹാളിൽ നടന്ന ഐഎസ് വെടിവയ്പ്പിനെ കണക്കാക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആയി. മോസ്കോയിലെ വടക്കൻമേഖലയായ ക്രസ്നോഗോഴ്സ്കിൽ സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസൻ വിഭാഗം (ISIS-K) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.