മുംബൈ: മഹാലക്ഷ്മി ക്ഷേത്രത്തിന് സമീപം തെരുവ് നായ്ക്കൾക്ക് മാംസം നൽകിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ആരാധനാലയം അശുദ്ധമാക്കുന്നതിനും പ്രദേശവാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തത്. തെക്കൻ മുംബൈയിൽ നിന്നുള്ള 40 കാരിയായ സ്ത്രീയാണ് മാസം നൽകിയത് .
ഗാവ്‌ദേവി പോലീസ് ആണ് കേസെടുത്തത്. നാട്ടുകാരുടെ നിരവധി പരാതികളെ തുടർന്ന് ബിഎംസിയിലെ രണ്ട് വെറ്ററിനറി ഓഫീസർമാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിരുന്നു. തെരുവ് നായ്ക്കൾക്ക് മാംസം നൽകരുതെന്ന് ഇവരോട് നിർദ്ദേശിച്ചതായാണ് വിവരം. എന്നാൽ നിർദ്ദേശം അനുസരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആരാധനാലയം നശിപ്പിക്കുക, അശുദ്ധമാക്കുക, സമാധാന ലംഘനം, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.















