ന്യൂഡൽഹി: മുൻ വ്യോമസേന മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ. ഡൽഹി പാർട്ടി ആസ്ഥാനത്ത് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചു.
രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനാണ് ബദൗരിയ. ഫ്രാൻസുമായുള്ള ജെറ്റ് വിമാനങ്ങളുടെ കരാർ അന്തിമമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം റഫേൽ യുദ്ധവിമാനം ആദ്യമായി പറത്തിയ ഉദ്യോഗസ്ഥരിൽ ഒരാളാണ്. 2019 സെപ്റ്റംബർ മുതൽ 2021 സെപ്റ്റംബർ വരെ വ്യോമസേന മേധാവിയായി ബദൗരിയ സേവനമനുഷ്ഠിച്ചു. കരിയറിൽ 26 വ്യത്യസ്ത യുദ്ധവിമാനങ്ങളിലായി ഏകദേശം 4,250 മണിക്കൂറോളം പറന്ന് പ്രതിരോധം തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
36 വർഷത്തെ സേവനജീവിതത്തിനിടെ നിരവധി ബഹുമതികളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അതി വിശിഷ്ട സേവാ മെഡൽ, വായുസേന മെഡൽ, പരം വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ നൽകി ബദൗരിയയെ രാജ്യം ആദരിച്ചു.