ഡെറാഡൂൺ: ഏകീകൃത സിവിൽകോഡിനെകുറിച്ച് വിശദമായി പഠിച്ച് നടപ്പിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്നും ധാമി പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ബില്ലിന് അംഗീകാരം നല്‍കി ഒരാഴ്ച പിന്നിടുമ്പോഴാണ് ധാമിയുടെ പ്രതികരണം. ദേശീയ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുഷ്കർ സിംഗ് ധാമി.
‘ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ഞങ്ങളുടെ സർക്കാർ ഏകീകൃത സിവിൽ കോഡ് വാഗ്ദാനം നൽകിയിരുന്നു. 2022-ലെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ഞങ്ങൾ ജനങ്ങൾക്ക് ഈ വാഗ്ദാനം നൽകിയത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. നിലപാടുകളും വാഗ്ദാനങ്ങളും പാലിക്കുന്നവരാണ് ബിജെപി സർക്കാർ. അതിനൊരു വിട്ടു വീഴ്ചയും വരുത്തില്ല.
രാഷ്‌ട്രപതിയും ബില്ലിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനായി വകുപ്പുതലത്തിൽ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. അവർ ഏകീകൃത സിവിൽ കോഡിന്റെ എല്ലാ വശങ്ങളും പഠിച്ചു വരികയാണ്. ഞങ്ങൾ എത്രയും വേഗം തന്നെ ഇത് നടപ്പിലാക്കും. എല്ലാ ബുദ്ധിമുട്ടുകളും വെല്ലുവിളികളും അവസാനിക്കാൻ പോകുന്നു.
എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണ് ഈ നിയമം കൊണ്ടു വരുന്നത്. ഇത് സ്ത്രീ ശാക്തീകരണത്തിനും മുതിര്‍ന്നവരുടെ സുരക്ഷയ്‌ക്കും കുട്ടികളുടെ ഭാവിക്കും കരുതലിനും വേണ്ടിയുള്ള നിയമമാണ്. യുസിസി നടപ്പിലാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ പോലുള്ള കാര്യങ്ങൾ വേഗത്തിൽ നടക്കും.’- പുഷ്കർ സിംഗ് ധാമി പറഞ്ഞു.















