പാലക്കാട്: പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അതി ഗുരുതരമായ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് യുവാവ്.
പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടന്ന യുവാവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷനിലുണ്ടായിരുന്നവരും ചേർന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. 95 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ്. ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുടുംബമായി താമസിക്കുന്ന യുവതിയെ രാജേഷ് ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് ഇയാളെ വിളിപ്പിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരുടെയും സമ്മതപ്രകാരം കേസ് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ആത്മഹത്യാ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.