ജയ്പൂര്‍: സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാന് വമ്പൻ സ്കോർ. ക്യാപ്റ്റൻ സഞ്ജു സാംസൺ – റിയാൻ പരാഗ് സഖ്യത്തിന്റെ വെടിക്കെട്ടാണ് ആതിഥേയർക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് ആണ് രാജസ്ഥാൻ നേടിയത്. നായകൻ മുന്നിൽ നിന്ന് നയിച്ച ഇന്നിംഗ്സിൽ റിയാൻ പരാഗും മികച്ച പ്രകടനം കാഴ്ചവച്ചു. നായകൻ 52 പന്തില്‍ പുറത്താവാതെ 82 റൺസെടുത്തപ്പോൾ 29 പന്തില്‍ 43 റൺസുമായി പരാഗ് വിമർശകരുടെ വായടപ്പിച്ചു.
ആറു സിക്സും 3 ബൗണ്ടറിയുമടക്കമാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. റിയാഗ് മുന്ന് സിക്സർ പറത്തി. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റെടുത്തു.മറുപടി ബാറ്റിംഗിൽ ലക്നൗവിന് 11 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റൺ ഡി കോക്കും (4) മലയാളി താരം ദേവ്ദത്ത് പടിക്കലും (0), ആയുഷ് ബദോനി (1) എന്നിവരാണ് പുറത്തായത്. നാന്ദ്രെ ബർഗർക്ക് ഒരു വിക്കറ്റും ലഭിച്ചു.
ബോൾട്ടിനായിരുന്നു വിക്കറ്റ്. ആദ്യ ഇന്നിംഗ്സിൽ 93 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയാണ് സഞ്ജു-പരാഗ് സഖ്യം രാജസ്ഥാനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 11 റൺസുമായി ഓപ്പണർമാരായ ബട്ലറും 24 റൺസുമായി ജയ്സ്വാളും പുറത്തായതോടെയാണ് സഞ്ജു-പരാഗ് സഖ്യം ക്രീസിൽ ഒന്നിച്ചത്. 15ാം ഓവറിൽ പരാഗ് പുറത്തായെങ്കിലും സാംസൺ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (5) നിരാശപ്പെടുത്തി. ധ്രുവ് ജുറൽ (12 പന്തില്‍ 20) അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ രാജസ്ഥാൻ സ്കോർ 190 കടന്നു.