ന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന ഹോളി ആഘോഷങ്ങൾക്കിടെ ഭാരതീയർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
“എല്ലാ ഭാരതീയർക്കും ഹോളി ആശംസകൾ അറിയിക്കുന്നു. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങളാൽ അലങ്കരിച്ച ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും പകരട്ടെ” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഈ മാസം 24,25 തീയതികളാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. രാജ്യത്തുടനീളം ഹോളി ആഘോഷങ്ങൾ നടക്കുകയാണ്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും 22-ന് തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഹിന്ദു മതത്തിന്റെ ഒരു പ്രധാന ആഘോഷമാണിത്. മറ്റ് ആഘോഷങ്ങളെ പോലെ ഹോളിക്ക് പിന്നിലും പുരാണ കഥയുണ്ട്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങൾക്ക് ഹോളിക ദഹൻ എന്ന ചടങ്ങോടെയാണ് തുടക്കം കുറിക്കുന്നത്.
അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന പുണ്യ വർഷമെന്ന വിശേഷണം കൂടി ഈ ഹോളി ആഘോഷങ്ങൾക്കുണ്ട്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാമക്ഷേത്രത്തിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ഹോളി ആഘോഷത്തിന് കാത്തിരിക്കുകയാണ് അയോദ്ധ്യയെന്ന് ശ്രീരാമ ജന്മഭൂമി ക്ഷത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.