ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ നടിയും സംവിധായകയുമായ കങ്കണ റണാവത്തും ഒരുങ്ങുന്നു. ബിജെപി പുറത്തുവിട്ട അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കങ്കണയും ഇടംപിടിച്ചത്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നാണ് കങ്കണ ജനവിധി തേടുക.
ദേശീയതയിലൂന്നിയ നിലപാടുകളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബോളിവുഡ് നടിയാണ് കങ്കണ. അഴിമതി രാഷ്‌ട്രീയത്തിനെതിരെയും കുടുംബാധിപത്യത്തിനെതിരെയും അവർ നിരന്തരം ശബ്ദമുയർത്തിയിരുന്നു. അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിലുൾപ്പെടെ തന്റെ നിലപാട് ശക്തമായി വിളിച്ചുപറഞ്ഞ കങ്കണ പലപ്പോഴും ഇടത് അനുകൂലികളുടെയും ഇസ്ലാമിസ്റ്റുകളുടെയും സൈബറാക്രമണത്തിനും ഇരയായിട്ടുണ്ട്. രാഷ്‌ട്രീയത്തിനും സിനിമയ്‌ക്കുമുപരി രാഷ്‌ട്രത്തിന് വേണ്ടിയായിരുന്നു കങ്കണ പലപ്പോഴും സംസാരിച്ചിരുന്നത്. ഇത്തരത്തിൽ താരം പങ്കുവച്ചിരുന്ന ഓരോ ട്വീറ്റുകളും പോസ്റ്റുകളും സമൂഹമാദ്ധ്യമ ലോകത്തും വലിയ ചർച്ചയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ജന്മനാടായ മാണ്ഡിയിൽ നിന്ന് മത്സരിക്കാനുള്ള അവസരം ബിജെപി നേതൃത്വം കങ്കണയ്‌ക്ക് നൽകിയത്.
111 പേരടങ്ങുന്ന പട്ടികയാണ് ബിജെപി അഞ്ചാമതായി പുറത്തുവിട്ടിരിക്കുന്നത്. കങ്കണ കൂടാതെ നടൻ അരുൺ ഗോവിലും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മീററ്റിൽ നിന്നാണ് അദ്ദേഹം മത്സരിക്കുക. രാമയണ പരമ്പരകളിലൂടെ ഭാരതീയരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് യുപി സ്വദേശിയായ അരുൺ ഗോവിൽ. സന്ദേശ്ഖാലി കേസിലെ അതിജീവിതയായ രേഖാ പത്രയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പശ്ചിമബംഗാളിലെ ബസിർഹത് മണ്ഡലത്തിൽ നിന്നാണ് രേഖാ പത്ര ബിജെപിക്കായി ജനവിധി തേടുക.















