ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലും ഹോളി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അയോദ്ധ്യയിൽ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നും നിരവധി പേരാണ് ബാലകരാമനെ ദർശിക്കുന്നതിനായി അയോദ്ധ്യയിലെത്തുന്നത്. ഹോളി ആഘോഷങ്ങളോടനുബന്ധിച്ച് ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
#WATCH | Ayodhya, Uttar Pradesh | Devotees arrive at the Ram Temple in large numbers for the darshan of Ram Lalla, on the occasion of #Holi pic.twitter.com/Pf7doFQb0p
— ANI (@ANI) March 25, 2024
ഇന്ന് പുലർച്ചെ മുതൽ രാമക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർ പൂജകളിൽ പങ്കെടുക്കുകയും ബാലകരാമന് മധുര പലഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ചിലർ ബാലകരാമന് മുന്നിൽ വർണ പൊടികൾ അർപ്പിച്ചു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ ഹോളി എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ഹോളി ആഘോഷങ്ങൾക്കുണ്ട്. അയോദ്ധ്യയിലെ ജനങ്ങൾക്ക് ഇത് മഹാ ഉത്സവമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ബാലകരാമൻ ഭക്തരുടെ മുന്നിലെത്തിയ സുവർണ വർഷമായിരുന്നു ഇത്.
ഹോളി ആഘോഷത്തിന് മുന്നോടിയായി ഇന്നലെ വിവിധ ചടങ്ങുകളും ക്ഷേത്രത്തിൽ നടന്നു. ആടയാഭരണങ്ങൾ അണിഞ്ഞ് ചെറു പുഞ്ചിരിയുമായി നിൽക്കുന്ന രാംലല്ലയുടെ ചിത്രങ്ങൾ ക്ഷേത്ര തീർത്ഥ ട്രസ്റ്റ് പങ്കുവച്ചിരുന്നു. ഈ വർഷത്തെ ഹോളി ആഘോഷം അതി ഗംഭീരമായിരിക്കുമെന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.