ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കണമെന്ന ലക്ഷ്യമുയർത്തിയ വിനായക് ദാമോദർ സവർക്കറിന്റെ ജീവിത കഥ തുറന്നുകാട്ടിയ ചിത്രമാണ് “സ്വാതന്ത്ര്യ വീർ സവർക്കർ”. വലിയ പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം മുന്നേറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 6 കോടിയാണ് ചിത്രം നേടിയത്. മൂന്നാം ദിവസമായ ഇന്നലെ മാത്രം 2.60 കോടി ചിത്രം നേടി.
ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുമുണ്ടായത്. ബോളിവുഡ് താരം രൺദീപ് ഹൂഡയാണ് വീർ സവർക്കറായി ചിത്രത്തിലെത്തിയത്. അങ്കിത ലോഖണ്ഡേയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. തിയേറ്ററിലെത്തിയ ആദ്യ ദിവസം 1.05 കോടിയും രണ്ടാം ദിവസം 2.25 കോടയും നേടി.
സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ യാത്രയും പോരാട്ടങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സുപ്രധാന പങ്കും ഈ സിനിമ കാണിക്കുന്നു. തിയേറ്ററിലെത്തിയതിന് പിന്നാലെ നിരവധി മികച്ച അഭിപ്രായങ്ങളും പ്രേക്ഷകർ പങ്കുവച്ചിരുന്നു. വീർ സവർക്കർ എന്താണെന്ന് വ്യക്തമായി മനസിലാക്കാൻ ചിത്രത്തിലൂടെ സാധിക്കുമെന്ന് പ്രേക്ഷകർ പറഞ്ഞു. ഭാരതത്തിന്റെ മോചനത്തിനായി അദ്ദേഹം സഹിച്ച ത്യാഗവും സമർപ്പണവും വരച്ചുകാട്ടിയ സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്.
സവർക്കറുടെ സഹോദരന്റെ വേഷത്തിൽ അമിത് സിയാലും ഭാര്യയുടെ വേഷത്തിൽ അങ്കിത ലോഖണ്ഡേയുമാണ് എത്തുന്നത്. ഇത് കൂടാതെ, ഗാന്ധിജിയുടേയും ഡോ.അംബേദ്കറിന്റേയും കഥാപാത്രങ്ങളും മികവുറ്റതായിരുന്നെന്ന് പ്രേക്ഷകർ പറയുന്നു. പ്രേക്ഷകരെ വികാരഭരിതരാക്കുന്ന നിരവധി ഷോട്ടുകളും ചിത്രത്തിലുണ്ട്.















