ബെംഗളൂരു: ജനാർദ്ധന റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. റെഡ്ഡിയുടെ തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും പൂർണ ഹൃദയത്തോടെ അദ്ദേഹത്തെ വീണ്ടും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിഎസ് യെദ്യൂരപ്പ.
“ജനാർദ്ധന റെഡ്ഡിയുടെ തീരുമാനം ഞങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തും. 28 ലോക്‌സഭാ മണ്ഡലങ്ങളിലും ഞങ്ങൾ വിജയിക്കും. മൂന്നാം തവണയും മോദിയെ പിന്തുണയ്‌ക്കാനായി ഞങ്ങളുടെ വസതിയിലേക്ക് തിരിച്ചെത്തിയ റെഡ്ഡിയ്‌ക്കും പാർട്ടിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇത് ഞങ്ങൾക്ക് ഒരു ഉത്തേജനമാണ്. അവരെ പൂർണ ഹൃദയത്തോടെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു” – യെദ്യൂരപ്പ പറഞ്ഞു.
ഇന്ന് രാവിലെ നടന്ന ചടങ്ങിലാണ് ജനാർദ്ധന റെഡ്ഡി ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. മുതിർന്ന നേതാവ് യെദ്യൂരപ്പ, ബിജെപി കർണാടക അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ, പാർട്ടി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്നും സ്ഥാനമാനങ്ങൾ മോഹിച്ചല്ല ബിജെപിയിലേക്കെത്തിയതെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം ജനാർദ്ധന റെഡ്ഡി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.