ലക്നൗ: ഉത്തർപ്രദേശിലെ ബന്ദ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ മുഖ്താർ അൻസാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ തുടരുകയാണെന്നാണ് വിവരം. മുഖ്താറിന്റെ മകൻ ഉമർ അൻസാരിയാണ് വിവരം സമൂഹമാദ്ധ്യമം വഴി അറിയിച്ചത്.
മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സുരക്ഷ കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയാണ് ആശുപത്രിയിൽ വിന്യസിച്ചിരിക്കുന്നത്. യുപി, പഞ്ചാബ്, ഡൽഹി എന്ന് തുടങ്ങിയ വിവിധയിടങ്ങളിൽലായി മുഖ്താർ അൻസാരിയുടെ പേരിൽ 60-ഓളം കേസുകളാണ് നിലവിലുള്ളത്. രണ്ട് തവണ ബഹുജൻ സമാജ് പാർട്ടി എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2107-ലെ തെരഞ്ഞെടുപ്പിലാണ് അൻസാരി അവസാനമായി മത്സരിച്ചത്.
1990-ൽ ആയുധ ലൈസൻസ് നേടിയതിന് വ്യാജരേഖ ചമച്ചെന്ന കേസിലാണ് അൻസാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന എട്ടാമത്തെ കേസിലാണ് നിലവിൽ അൻസാരി ജയിൽ ശിക്ഷ അനുഭവിക്കുന്നത്.















