മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മുസ്ലീം നേതാവാണ് ഭാരത് മാതാ കി ജയ് മുദ്രാവാക്യം കൊണ്ടുവന്നത് അതിനാൽ ബിജെപി അത് നിരോധിക്കുമോ എന്ന് പിണറായി വിജയന്റെ പരാമർശം. പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമായി പിണറായി നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഭാരതത്തെ ആര് പ്രകീർത്തിച്ചാലും അത് ഏറ്റെടുക്കുക എന്നതാണ് ഓരോ ദേശസ്‌നേഹിയുടെയും ചുമതലയെന്ന് സന്ദീപ് വചസ്പതി കുറിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണ്ണരൂപം
ഭാരത് മാതാ കീ ജയ് ആദ്യമായി ഉപയോഗിച്ചത് അസീമുള്ളാഖാൻ ആയത് കൊണ്ട് ബിജെപിക്കാർ അത് ഉപേക്ഷിക്കുമോ എന്നാണ് മുഖ്യന്റെ ചോദ്യം?. ഭാരതത്തെ ആര് പ്രകീർത്തിച്ചാലും അത് ഏറ്റെടുക്കുക എന്നതാണ് ഓരോ ദേശസ്‌നേഹിയുടെയും ചുമതല. അത് ഇത്ര കാലവും ഞങ്ങൾ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. ഈ നാട്ടിലെ മുസ്ലിമിന്റെ ദേശസ്‌നേഹത്തെ കുറിച്ച് ഞങ്ങൾക്ക് ഒരു സംശയം ഇല്ല. ഹിന്ദുവും മുസൽമാനും തോളോട് തോൾ ചേർന്ന് പോരാടിയതിന്റെ ഫലമാണ് ഈ നാടിന്റെ സ്വാതന്ത്ര്യമെന്ന ബോധ്യവുമുണ്ട്. അത് ഈ നാട്ടിൽ ജനിച്ച ഓരോരുത്തരുടെയും കടമയാണെന്നാണ് ഞങ്ങൾ കരുതുന്നത്. അതിന് മതം ഘടകമേയല്ല. ഇതാണ് ഞങ്ങളുടെ നിലപാട്.
നാടിന്റെ ഓരോ നന്മകളെയും മതത്തിന്റെ പേരിൽ വേർതിരിക്കുന്ന താങ്കളോട് ചില ചോദ്യങ്ങൾ ഭാരതം നമ്മുടെ അമ്മയാണ് എന്ന സങ്കൽപ്പം നിങ്ങളോ നിങ്ങളുടെ പാർട്ടിയോ അംഗീകരിക്കുന്നുണ്ടോ? 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നായകരിൽ ഒരാളായ അസീമുള്ളാഖാന്റെ പ്രേരണ സ്രോതസ്സായ മഹർഷി ദയാനന്ദ സരസ്വതിയെയും അദ്ദേഹത്തിന്റെ ആര്യ സമാജത്തെയും താങ്കൾ അംഗീകരിക്കുന്നുണ്ടോ? ഏറ്റവും ചുരുങ്ങിയത് മുസ്ലിം പ്രേമത്തിന്റെ പേരിലെങ്കിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാൻ തയ്യാറുണ്ടോ? ഞങ്ങൾ 365 ദിവസവും ഇതേ മുദ്രാവാക്യം വിളിക്കുന്നവരാണ്. താങ്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് വിളിക്കുമോ? അസീമുള്ളാഖാന്റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. ചങ്കൂറ്റമുണ്ടോ?