ചെന്നൈ: ചെപ്പോക്കിൽ ഗുജറാത്തിനെ ഇടംവലം തിരിയാൻ വിടാതെ ടൈറ്റാക്കി സിഎസ്കെയുടെ സീസണിലെ രണ്ടാം ജയം. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഒരു ഘട്ടത്തിൽ പോലും ചെന്നൈയെ വെല്ലുവിളിക്കാനായില്ല. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുക്കാനെ അവർക്കായുള്ളു. 63 റൺസിന്റെ കൂറ്റൻ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. നന്നായി തുടങ്ങിയ ഗുജറാത്തിന്റെ ക്യാപ്റ്റനെ വീഴ്‌ത്തി ചാഹറാണ് ചെന്നെയുടെ ആദ്യ വെടി പൊട്ടിച്ചത്. തൊട്ടുപിന്നാലെ സാഹയെയും മടക്കി ചാഹർ ഗുജറാത്തിനെ പ്രതിരോധത്തിലാക്കി.
പിന്നീട് ഒരിക്കൽ പോലും ടൈറ്റൻസിന് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ആതിഥേയർ പിടിമുറുക്കി. ചെന്നൈ ബാറ്റർമാർ തകർത്തടിച്ച പിച്ചിൽ ടൈറ്റൻസ് ടീം ഒന്നടങ്കം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ചെന്നൈ ഇന്നിംഗ്സിൽ 12 സിക്സ് പിറന്നപ്പോൾ മൂന്ന് പന്ത് മാത്രമാണ് ഗുജറാത്തിന് അതിർത്തി വര കടത്താനായത്.
തുഷാർ ദേശ് പാണ്ഡയെും ദീപക് ചഹാറും മുസ്തഫിസൂറും രണ്ടുവിക്കറ്റുമായി തിളങ്ങിയപ്പോൾ. മിച്ചലിനും പതിരാനയ്‌ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ സായി സുദർശൻ (37) ആണ് ടോപ് സ്കോറർ. ശുഭ്മാൻ ഗിൽ(8), സാഹ(21), വിജയ് ശങ്കർ(12), ഡേവിഡ് മില്ലർ(21). അസ്മത്തുള്ള ഒമർസായി(11),രാഹുൽ തെവാട്ടിയ(6) റാഷിദ് ഖാൻ(1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.