വാഷിംഗ്ടൺ: ചരക്കുകപ്പൽ ഇടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിൽ കൂറ്റൻപാലം തകർന്ന സംഭവത്തിൽ നടുക്കം അറിയിച്ച് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി. അവിചാരിതമായ അപകടമെന്നാണ് എംബസിയുടെ കുറിപ്പിൽ പറയുന്നത്. അപകടത്തിൽ ആറ് പേരെ കാണാതായിട്ടുണ്ട്. 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജാണ് തകർന്നത്.
ബാൾട്ടിമോർ തുറമുഖത്ത് നിന്നും കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ”ഡാലി” എന്ന ചരക്കുകപ്പൽ അപകടത്തിൽ പെടുന്നത്. സംഭവത്തിന് പിന്നാലെ തുറമുഖം താത്കാലികമായി അടച്ചു. തുറമുഖത്തേക്ക് കപ്പലുകൾ എത്തുന്നത് ഉൾപ്പെടെ തടഞ്ഞിട്ടുണ്ട്.
”ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ ബ്രിഡ്ജിലുണ്ടായ അവിചാരിതവും ദൗർഭാഗ്യകരവുമായ അപകടത്തിൽ പരിക്കേറ്റവരെ അനുശോചനം അറിയിക്കുകയാണ്. ഈ സംഭവം ഏതെങ്കിലും ഇന്ത്യൻ പൗരനെ ബാധിക്കുകയോ സഹായം ആവശ്യമായി വരികയാണെങ്കിൽ ഇന്ത്യൻ എംബസിയുടെ ഹോട്ട്‌ലൈൻ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. കപ്പലിലെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും” എംബസി അറിയിച്ചു.
ബാൾട്ടിമോർ വിട്ട് അരമണിക്കൂറിനുള്ളിലാണ് കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിക്കുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടുണ്ട്. പാലത്തിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളെയാണ് അപകടത്തിൽ കാണാതായത്. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി കപ്പലിൽ നിന്നും അപായസന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. ഇത് പ്രകാരം പാലം തകരുന്നതിന് മുൻപായി ഗതാഗതം തടഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് അധികൃതർ വ്യക്തമാക്കി.















