ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 30-ാം തീയതി ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ബിജെപിയുടെ ലോക്‌സഭാ പ്രചാരണങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. പ്രചാരണ റാലിയിൽ അദ്ദേഹം രാഷ്‌ട്രീയ ലോക്ദൾ ദേശീയ അദ്ധ്യക്ഷൻ ജയന്ത് ചൗധരിയോടൊപ്പം വേദി പങ്കിടും. ഉത്തർപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആർഎൽഡി അടുത്തിടെ എൻഡിഎ സഖ്യത്തിൽ ലയിച്ചത്.
മീററ്റിലെ എൻഡിയ സ്ഥാനാർത്ഥിയും ജനപ്രിയ പരമ്പരയായിരുന്ന രാമായണത്തിൽ ശ്രീരാമനായി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനുമായ അരുൺ ഗോവിലിന്റെ പ്രചാരണത്തിനോടനുബന്ധിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. 2004 മുതൽ മീററ്റ് എംപിയായിരുന്ന രാജന്ദ്രേ അഗർവാളിന് പകരക്കാരനായി എത്തിയ ഗോവിൽ മൂന്ന് തവണ എംപി സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ മീററ്റിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തിപ്പെടും. നിലവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് 402 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികയിൽ 100ഓളം സീറ്റുകളിൽ സിറ്റിംഗ് എംപിമാർക്ക് പകരമായി പുതുമുഖങ്ങൾക്ക് ബിജെപി കേന്ദ്രനേതൃത്വം അവസരം നൽകിയിട്ടുണ്ട്.















