ന്യൂഡൽഹി: ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് പാക് അധിനിവേശ കശ്മീരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.” അവിടെ താമസിക്കുന്ന ഹിന്ദുവും മുസ്ലീമുമെല്ലാം ഭാരതീയരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായാണ് ബിജെപിയും പാർലമെന്റും പാക് അധീന കശ്മീരിനെ കരുതുന്നത്. പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ആ ഭൂമി ഇന്ത്യയുടേതാണ്. അത് തിരിച്ചുപിടിക്കുക എന്നത് ഭാരതീയരുടെയും എല്ലാ കശ്മീരികളുടെയും ലക്ഷ്യമാണ്.”- ജെകെ മീഡിയ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് തെറ്റായ വിവരമാണ് കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് നൽകിയിരുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ”ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കശ്മീരികളുടെ സംസ്‌കാരത്തിനും ഭാഷയ്‌ക്കും സ്വത്വത്തിനും നേർക്കു ഭീഷണി ഉയരുമെന്നാണു പറഞ്ഞുകൊടുത്തിരുന്നത്. പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് ഇപ്പോൾ 5 വർഷമായി, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കശ്മീരികൾ ഇന്ന് സ്വതന്ത്രരാണ്. ലോകത്തിന് മുന്നിൽ കശ്മീരി ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്‌കാരവും വർദ്ധിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നിരവധി സഞ്ചാരികളാണ് കശ്മീരിലേക്ക് എത്തുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ നിരവധി ആളുകൾ കശ്മീരിലേക്ക് എത്തും. ഇക്കൂട്ടർ കശ്മീരികളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഉൾപ്പെടെയുള്ള പൊള്ളക്കഥകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അതെല്ലാം പൊളിഞ്ഞു. ആർട്ടിക്കിൾ 370 ന്റെ നിഴലിൽ, ഒരു വിഘടനവാദ പ്രത്യയശാസ്ത്രം രൂപപ്പെട്ടു. ഇത് ജമ്മു കശ്മീരിലെ യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് വലിച്ചിഴച്ചു. ഈ സാഹചര്യത്തെ പാകിസ്താൻ മുതലെടുത്തു. തത്ഫലമായി കഴിഞ്ഞ 4 പതിറ്റാണ്ടിനിടെ 40,000 യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു.- അമിത് ഷാ പറഞ്ഞു.
എന്നാൽ ഇന്ന് ജമ്മു കശ്മീർ പുരോഗതിയുടെ പാതയിലാണ്. ഭീകരവാദത്തിന് അന്ത്യമായി. കല്ലേറ് പൂർണ്ണമായും ഇല്ലാതായി. അഴിമതിയെ ഇല്ലാതാക്കാൻ അഴിമതി വിരുദ്ധ ബ്യൂറോ ആരംഭിച്ചു. ഇതോടെ ജനങ്ങളുടെ പണം ജനങ്ങളിലേക്ക് തന്നെ എത്തും.’ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.