പാലക്കാട്: വിക്ടോറിയ കോളേജിൽ എസ്എഫ്‌ഐക്കാർ തനിക്കൊരുക്കിയ കുഴിമാടത്തിനുള്ള മറുപടിയാണ് സ്ഥാനാർത്ഥിത്വമെന്ന് ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി. എൻ. സരസു. ക്യാമ്പസ് രാഷ്‌ട്രീയം സംസ്ഥാനത്ത് ഹൈക്കോടതി നിരോധിച്ചതാണ്. പക്ഷേ നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. എസ്എഫ്‌ഐ എന്ന സംഘടനയെ കയറൂരി വിട്ടിരിക്കുന്നത് സർക്കാരാണെന്നും അവർ പറഞ്ഞു.
പാർട്ടി അംഗത്വമില്ലായിരുന്നെങ്കിലും ഇടത് അദ്ധ്യാപക സംഘടനയുടെ ഭാഗമായാണ് കുറെ നാൾ ഞാൻ പ്രവർത്തിച്ചത്. സ്വന്തം വീടുപോലെ കോളേജിനെയും മക്കളെ പോലെ വിദ്യാർത്ഥികളെയും സ്‌നേഹിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ വിരമിക്കൽ ദിനത്തിൽ എസ്എഫ്‌ഐ എന്ന സംഘടനയുടെ നേതൃത്വത്തിൽ ശവക്കല്ലറയൊരുക്കിയാണ് എന്നെ യാത്രയാക്കിയത്. അന്ന് എനിക്കൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവർത്തകരാണ്. ഇന്നും അവരെനിക്കൊപ്പമുണ്ട്. ഞാൻ ബിജെപിയിലേക്ക് പോയതിന്റെ വ്യക്തിപരമായ കാരണം അതാണ്. അതിനെല്ലാം അപ്പുറം എന്റെ ഈ സ്ഥാനാർത്ഥിത്വം എസ്എഫ്‌ഐക്കാർക്കുള്ള മറുപടിയാണെന്നും ടി.എൻ. സരസു പറഞ്ഞു.
പച്ചവെള്ളം പോലും കൊടുക്കാതെയാണ് എസ്എഫ്‌ഐയുടെ നരാധമന്മാർ ഒരു പയ്യനെ പീഡിപ്പിച്ച് കൊന്നത്. അവർക്കെതിരെ ഒരു നടപടിയും ഉണ്ടാക്കുന്നില്ല. പരീക്ഷ എഴുതാൻ അനുമതിയില്ലെങ്കിലും എഴുതാതെ തന്നെ പ്രതികൾ ജയിക്കും. പഠിച്ച് വലിയ നിലയിലെത്താനാണ് രക്ഷകർത്താക്കൾ തങ്ങളുടെ മക്കളെ ഉന്നതപഠനത്തിനായി കോളേജുകളിലേക്ക് അയക്കുന്നത്. പക്ഷേ, അവരുടെ ചേതനയറ്റ ശരീരം തിരിച്ചു വന്നാൽ എങ്ങനെയിരിക്കുമെന്നും അവർ ചോദിച്ചു.















