വാഷിംഗ്ടൺ: സിംഗപ്പൂർ പതാകയുള്ള കണ്ടെയ്‌നർ കപ്പൽ ഡാലിയിലെ ഇന്ത്യൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡനും മേരിലാൻഡ് ഗവർണർ വെസ് മൂറും. ‘ ഹീറോസ്’ എന്ന് വിളിച്ചാണ് ഇന്ത്യൻ ജീവനക്കാരെ ഇരുവരും അഭിനന്ദിച്ചത്. ബാൾട്ടിമോർ തുറമുഖത്തിലെ നാലുവരിപ്പാലത്തിൽ കപ്പലിടിച്ചതിനെ തുടർന്ന് പാലം തകർന്നു വീണിരുന്നു. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന മുന്നറിയിപ്പ് സന്ദേശം കപ്പലിലെ ഇന്ത്യൻ ജീവനക്കാർ നൽകിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.
നിയന്ത്രണം നഷ്ടപ്പെട്ടതായി മേരിലാൻഡ് ഗതാഗത വകുപ്പിനെ കപ്പലിലെ ജീവനക്കാർ അറിയിച്ചു. ഈ നിർദ്ദേശത്തെ തുടർന്ന് വലിയ ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് പാലം അടച്ചിടാൻ അധികാരികൾ തയ്യാറായി. ഇതോടെ വലിയ ദുരന്തം ഒഴിവാകുകയും നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയും ചെയ്തു. – വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കപ്പൽ പാലത്തിൽ ഇടിക്കുന്നതിന് മുമ്പ് ഗതാഗതം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടാണ് കപ്പലിലെ ജീവനക്കാർ മേരിലാൻഡ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. നിയന്ത്രണം നഷ്ടപ്പെട്ടെന്ന് അറിയിച്ചതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. ഇത് ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായി. ജീവൻ രക്ഷിച്ച ഇവരാണ് യഥാർത്ഥ ഹീറോകളെന്ന് മേരിലാൻഡ് ഗവർണർ വെസ് മൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആയിരം അടി നീളമുള്ള ഡാലി കപ്പൽ ഇന്നലെ പുലർച്ചെ ഒരു മണിയോടടുത്താണ് ബാൽട്ടിമോർ തുറമുഖത്ത് നിന്നും യാത്ര തിരിച്ചത്. കപ്പലിൽ രണ്ട് പൈലറ്റമാരാണുണ്ടായത്. ഇന്ത്യക്കാരായ 22 ജോലിക്കാരും ഉണ്ടായിരുന്നു. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.